ഉന്നാവ് ബലാത്സംഗ കേസ്; കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
May 15, 2026, 18:13 IST
ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി നേതാവുമായ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിഷയത്തിൽ പുതുതായി പരിഗണിച്ച് തീരുമാനം എടുക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
കേസിൽ കുൽദീപ് സെൻഗാറിന് നേരത്തെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷക്കെതിരെ പ്രതി സമർപ്പിച്ച അപ്പീലിൽ അന്തിമ വിധി വരുന്നതുവരെ ശിക്ഷ മരവിപ്പിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
അതേസമയം, അപ്പീൽ ഹർജി രണ്ട് മാസത്തിനകം തീർപ്പാക്കാൻ ശ്രമിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് കുൽദീപ് സിങ് സെൻഗാറിനെതിരെ നടപടി ഉണ്ടായത്. 2019ൽ വിചാരണക്കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.