യുപിഐ സേവനങ്ങൾ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും; പണമിടപാടുകൾ എളുപ്പമാകും

 

ഇന്ത്യൻ നിർമിത പണമിടപാട് സേവനമായ യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേയ്സ് (യുപിഐ) ഇന്ന് ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിക്കും. ഇന്ത്യയുടെ നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ സേവനം ഇപ്പോൾ കൂടുതൽ രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ഒരാഴ്ച മുമ്പാണ് ഫ്രാൻസിൽ യുപിഐ അവതരിപ്പിച്ചത്. മൗറീഷ്യസിൽ റുപേ കാർഡ് സേവനവും ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച ഇരുരാജ്യങ്ങളിലും നടക്കുന്ന ചടങ്ങുകളിൽ പ്രധാന മന്ത്രി നരേന്ദ്രമോദി വിർച്വലായി പങ്കെടുക്കും. ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

യുപിഐയിലൂടെ വേഗമേറിയതും തടസമില്ലാത്തതുമായ പണമിടപാടുകൾ നടത്താനാവുന്നതിലൂടെ, രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി വർധിക്കുമെന്നും വലിയൊരു വിഭാഗം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഈ രാജ്യങ്ങളും സന്ദർശിക്കുന്ന ഇന്ത്യക്കാർക്കും ഇന്ത്യ സന്ദർശിക്കുന്ന ഇരുരാജ്യക്കാർക്കും യുപിഐ ഇടപാടുകൾ നടത്താനാവും. മൗറീഷ്യസിലെ ബാങ്കുകൾ റുപേ കാർഡുകൾ വിതരണം ചെയ്യും. അവ ഇന്ത്യയിലും മൗറീഷ്യസിലും ഉപയോഗിക്കാനാവും.

ഫിൻടെക്ക് ഇനൊവേഷനിലും, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനത്തിലും ഇന്ത്യ നേതൃസ്ഥാനത്തേക്ക് ഉയർന്നു. പങ്കാളികളായ രാജ്യങ്ങളുമായി നമ്മുടെ വികസന അനുഭവങ്ങളും നൂതന ആശയങ്ങളും പങ്കുവെക്കുന്നതിൽ പ്രധാനമന്ത്രി ശക്തമായ ഊന്നൽ നൽകുന്നുമെന്നും സർക്കാർ പറഞ്ഞു. സിംഗപൂർ, യുഎഇ, ഭൂട്ടാൻ, നേപ്പാൾ, ഒമാൻ, യുകെ, യൂറോപ്പ്, മലേഷ്യ എന്നിവിടങ്ങളിലും യുപിഐ അവതരിപ്പിച്ചിട്ടുണ്ട്.