ആംബുലൻസില്ല; യു.പിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് ട്രാക്ടറിൽ

 

ആംബുലൻസില്ലാത്തതിനാൽ ഉത്തർപ്രദേശിൽ ഗർഭിണിയെ ട്രാക്ടറിൽ ആശുപത്രിയിലെത്തിച്ചു. ആഗ്രയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസ് സൗകര്യം ലഭ്യമാകാതിരുന്നതോടെയാണ് ബന്ധുക്കൾ ട്രാക്ടറിനെ ആശ്രയിച്ചത്. ഗർഭിണിയെ കട്ടിലിൽ കിടത്തി ട്രാക്ടറിൽ നിന്ന് ഇറക്കുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത. യു.പിയിലെ ആരോഗ്യരംഗത്തെ സൗകര്യങ്ങൾ ശുഷ്‌കമാണെന്നാണ് ഈ സംഭവം മുൻനിർത്തി പലരും വിമർശിക്കുന്നത്.

അതേസമയം, പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസുമായി ഉത്തർപ്രദേശിൽ സർക്കാർ മുമ്പ് രംഗത്ത് വന്നിരുന്നു. ഗുരുതര രോഗബാധയുള്ള പശുക്കൾക്കു വേണ്ടിയാണ് സേവനം ആരംഭിക്കുന്നതെന്ന് മൃഗക്ഷേമ - ഫിഷറീസ് വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞതായാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നത്. രാജ്യത്ത് തന്നെ ആദ്യമായിരുന്നു ഇത്തരം പദ്ധതി. ഇതിന്റെ ഭാഗമായി 515 ആംബുലൻസുകൾ ഒരുക്കിയിരുന്നു.