വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അപമാനിച്ചാൽ തടവും പിഴയും; ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭ
ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ചരിത്രപരമായ നീക്കത്തിലൂടെ ദേശീയഗീതത്തിനും ദേശീയഗാനത്തിനും ഇനി ഒരേ നിയമപരിരക്ഷയും ആദരവും ലഭിക്കും. ബങ്കിം ചന്ദ്ര ചട്ടോപാധ്യായ രചിച്ച ‘വന്ദേമാതരം’ അതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വന്ദേമാതരത്തിന് തുല്യ പദവി നൽകുന്നതിനായി ദേശീയ ചിഹ്നങ്ങളെ അവഹേളനം തടയുന്ന നിയമത്തിൽ (Prevention of Insults to National Honour Act) ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ, വന്ദേമാതരം ആലപിക്കുമ്പോൾ അതിനെ അപമാനിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ പ്രവൃത്തികൾ ജാമ്യമില്ലാ കുറ്റമായി (cognizable offence) കണക്കാക്കും.
നിലവിൽ ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടയുന്നവർക്ക് മൂന്നുവർഷം വരെ തടവോ പിഴയോ ലഭിക്കാം. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് ലഭിക്കും. ഈ വ്യവസ്ഥകൾ ഇനി മുതൽ ദേശീയ ഗീതത്തിനും ബാധകമാകും. നിർദ്ദിഷ്ട ഭേദഗതി ഉടൻതന്നെ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമെന്നും, ഇത് പാസായാൽ ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളുടെ സംരക്ഷണത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.