വെറ്ററിനറി ഓഫീസർ നിയമന ക്രമക്കേട്; കർണാടകത്തിൽ 21 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
വെറ്ററിനറി ഓഫീസർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടകത്തിൽ വ്യാപക റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ കർണാടക പബ്ലിക് സർവീസ് കമ്മിഷൻ ഓഫീസിലുൾപ്പെടെ 21 ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്.
സസ്‌പെൻഡ് ചെയ്യപ്പെട്ട കെ.പി.എസ്.സി ചെയർമാൻ ശിവശങ്കരപ്പ എസ്. സഹൂക്കറിന്റെയും അംഗം ശാന്ത ഹൊസ്മനിയുടെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ബെംഗളൂരുവിന് പുറമെ ഹാസൻ, ചിത്രദുർഗ, ദാവണഗെരെ, റായ്ചൂർ, കാർവാർ, കലബുറഗി, ബെലഗാവി എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലും ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്ഥാപനങ്ങൾ, പരീക്ഷാ പേപ്പറുകളുടെ ഡിജിറ്റൽ മൂല്യനിർണയത്തിന് ചുമതലയുള്ള എഡ്യൂടെസ്റ്റ് സൊല്യൂഷൻസിന്റെ ഓഫീസ്, വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ വീടുകൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
വെറ്ററിനറി ഓഫീസർമാരുടെ അന്തിമ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
നിയമനം ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാർ ഉദ്യോഗാർഥികളെ ഫോണിൽ ബന്ധപ്പെട്ടെന്നും ഒരാൾക്ക് 70 മുതൽ 80 ലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിങ്ങുകളും പരാതിക്കാരൻ പൊലീസിന് കൈമാറിയിരുന്നു.
ചോദ്യപേപ്പർ ചോർച്ച, ഒ.എം.ആർ ഉത്തരക്കടലാസുകളിൽ തിരിമറി, കെ.പി.എസ്.സി ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് അനുകൂലമായി ഇടപെടൽ തുടങ്ങിയ ആരോപണങ്ങളും ഇ.ഡി അന്വേഷിക്കുന്നുണ്ട്.