എം.കെ. സ്റ്റാലിന്റെ സുരക്ഷ കുറച്ച് വിജയ് സർക്കാർ: 'ഇസഡ് പ്ലസി'ൽ നിന്ന് 'ഇസഡ്' കാറ്റഗറിയിലേക്ക് മാറ്റി

 

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷയിൽ ഇളവ് വരുത്തി വിജയ് സർക്കാർ. ഇസഡ് പ്ലസ് (Z+) സുരക്ഷയിൽ നിന്ന് ഇസഡ് (Z) കാറ്റഗറിയിലേക്കാണ് സുരക്ഷ പുനഃക്രമീകരിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ നൽകിയിരുന്ന 54 സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 34 ആയി കുറച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ. മണിവസൻ, ഡി.ജി.പി. മഹേഷ് കുമാർ അഗർവാൾ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ടുകളും ഭീഷണി നിലവാരവും വിശദമായി വിലയിരുത്തി. സുരക്ഷ പൂർണ്ണമായി പിൻവലിച്ചിട്ടില്ലെന്നും മുൻകരുതലുകളുടെ വിന്യാസത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാഹനവ്യൂഹത്തിന്റെ മുൻനിരയിലും പ്രധാന ഭാഗത്തും പിൻനിരയിലുമുള്ള പ്രത്യേക സുരക്ഷാ സംഘവും, യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങളും തുടർന്നും ലഭ്യമാകും.

സംസ്ഥാനത്തെ വി.ഐ.പി, വി.വി.ഐ.പി സുരക്ഷകൾ ആറുമാസത്തിലൊരിക്കൽ പുനഃപരിശോധിക്കാറുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളും നിലവിലെ ഭീഷണിസാധ്യതകളും വിലയിരുത്തിയാണ് സുരക്ഷാ കവറേജിൽ മാറ്റങ്ങൾ വരുത്തുന്നത്.