തമിഴകത്ത് വിജയ് തരംഗം; മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സിനിമാ ലോകത്തിന്റെ അഭിനന്ദന പ്രവാഹം

 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ഭരണമുറപ്പിച്ച തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യെ അഭിനന്ദിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകം. രാഷ്ട്രീയ പ്രവേശനം നടത്തി നേരിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ 107 സീറ്റുകൾ നേടി ചരിത്രപരമായ മുന്നേറ്റമാണ് വിജയ് കാഴ്ചവെച്ചത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളായ പേരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും അദ്ദേഹം ഉജ്ജ്വല വിജയം സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, മറ്റ് ചെറുകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ടിവികെ ആരംഭിച്ചിട്ടുണ്ട്.

വിജയ്‌യുടെ ഈ ശ്രദ്ധേയമായ വിജയത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ നയിക്കാനൊരുങ്ങുന്ന വിജയ്‌ക്ക് എല്ലാ ആശംസകളും നേരുന്നതായി മമ്മൂട്ടി കുറിച്ചപ്പോൾ, ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് ഏറ്റവും വലിയ ആദരമെന്നും സേവനത്തിന്റെ പുതിയ യാത്രയിൽ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാൻ കഴിയട്ടെ എന്നും മോഹൻലാൽ ആശംസിച്ചു. തമിഴ് രാഷ്ട്രീയത്തിലെ അതികായരായ രജനീകാന്തും കമൽഹാസനും വിജയ്‌യുടെ കന്നി വിജയത്തെ അഭിനന്ദിച്ചു. ജനസേവനം വിജയകരമാകട്ടെ എന്ന് കമൽഹാസൻ ആശംസിച്ചപ്പോൾ, വിജയ്‌ക്കും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും രജനീകാന്ത് അഭിനന്ദനങ്ങൾ നേർന്നു.

നടൻ സൂര്യ, ധനുഷ് എന്നിവരും വിജയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് പുതിയ അധ്യായം തുറക്കുമെന്ന് സൂര്യ പ്രത്യാശ പ്രകടിപ്പിച്ചു. ഇവരെ കൂടാതെ എ.ആർ. റഹ്‌മാൻ, ചിരഞ്ജീവി, രാംചരൺ, രശ്മിക മന്ദാന, കാജൾ അഗർവാൾ, അനിരുദ്ധ് രവിചന്ദർ, സിലമ്പരസൻ ടി.ആർ, ഖുശ്ബു സുന്ദർ, കാർത്തി തുടങ്ങി സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖർ വിജയ്‌ക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു. രാഷ്ട്രീയത്തിലിറങ്ങി ആദ്യ പോരാട്ടത്തിൽ തന്നെ ഇത്രയേറെ ജനപിന്തുണ നേടിയെടുത്ത വിജയ്‌യുടെ പ്രകടനം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്.