വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമം; അന്വേഷണത്തിന് സമിതി രൂപീകരിക്കാൻ സുപ്രീംകോടതി
എസ്.ഐ.ആർ. വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടന്നെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ വിരമിച്ച വനിതാ ജഡ്ജിമാരും ഐ.പി.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി രൂപീകരിക്കുമെന്ന് സൂചന നൽകി സുപ്രീംകോടതി. വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിന്റെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
തൊഴിൽ ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളാണ് ഹർജിയിൽ ഉന്നയിച്ചതെന്ന് ഇന്ദിര ജയ്സിങ് കോടതിയെ അറിയിച്ചു. സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം പോലെതന്നെ തൊഴിലെടുക്കാനുള്ള അവകാശവും മാധ്യമപ്രവർത്തകർക്കുണ്ട്. തൊഴിൽപരമായ ആവശ്യങ്ങൾക്കായാണ് അവർ പ്രതിഷേധ സ്ഥലങ്ങളിലെത്തുന്നത്. എന്നാൽ, പുരുഷ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലൈംഗികാതിക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വനിതാ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരെ തള്ളിയ സംഭവങ്ങളുണ്ടെന്നും ഇത്തരം പ്രവൃത്തികളും പീഡനമായി കണക്കാക്കാമെന്നും ഇന്ദിര ജയ്സിങ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.