വോട്ടർ പട്ടിക ക്രമക്കേട്; 'വോട്ട് ചോരി' വെബ്‌സൈറ്റുമായി രാഹുൽഗാന്ധി
വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്‌സൈറ്റ് തുറന്ന് ലോക്‌സഭപ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. 'വോട്ട്‌ചോരി.ഇൻ' എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാമെന്നും. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു
വെബ്‌സൈറ്റിൽ 'വോട്ട് ചോരി പ്രൂഫ്, ഡിമാൻഡ് ഇസി (ഇലക്ഷൻ കമ്മീഷൻ) അക്കൗണ്ടബിലിറ്റി, റിപ്പോർട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതിൽ വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കിൽ അതേപ്പറ്റി ജനങ്ങൾക്ക് തുറന്നെഴുതാവുന്നതാണ്. കോൺഗ്രസാണ് ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയിലൂടെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം നടത്തിയിരുന്നു. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും രാഹുൽ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര അഞ്ച് വർഷം കൊണ്ട് ചേർത്തതിലും അധികം വോട്ട് കഴിഞ്ഞ അഞ്ചുമാസം കൊണ്ട് ചേർത്തതായി രാഹുൽ ആരോപിച്ചിരുന്നു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ ഒരുകോടി പുതിയ വോട്ടർമാർ ചേർക്കപ്പെട്ടുവെന്നും രാഹുൽ പറഞ്ഞിരുന്നു.