നീതിക്കുവേണ്ടി ശബ്ദമുയർത്തിയതാണോ അവൾ ചെയ്ത തെറ്റ്?; ഉന്നാവോ അതിജീവിതയ്ക്കെതിരായ അതിക്രമത്തിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

 

ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കും മാതാവിനും നേരെ ഡൽഹിയിൽ നടന്ന അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. "നീതിക്കുവേണ്ടി ശബ്ദമുയർത്തിയതാണോ അവൾ ചെയ്ത തെറ്റ്?" എന്ന് ചോദിച്ച രാഹുൽ, ഇരയായ പെൺകുട്ടി ഭയത്തോടെ കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗറിന് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് തുറന്നടിച്ചു.

പീഡകന് ജാമ്യം ലഭിക്കുകയും ഇരയെ കുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള നീതിയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. "നമ്മുടേത് ചത്ത സമ്പദ്‌വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങളിലൂടെ ചത്ത സമൂഹമായി കൂടി മാറുകയാണ്. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുക എന്നത് അവകാശമാണ്, അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് വേണ്ടത് സുരക്ഷയും ബഹുമാനവും നീതിയുമാണ്; അല്ലാതെ നിസ്സഹായതയും ഭയവുമല്ല," രാഹുൽ വ്യക്തമാക്കി.

കുൽദീപ് സിങ് സേംഗറിന് ജാമ്യം ലഭിച്ചതിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച അതിജീവിതയ്ക്കും മാതാവിനും നേരെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി അതിക്രമം നടന്നിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. പീഡകരെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിനെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.