തണ്ണിമത്തനല്ല വില്ലൻ; മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ചത് എലിവിഷം ഉള്ളിൽച്ചെന്ന്

 

ദക്ഷിണ മുംബൈയിലെ പൈഥുണിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒരു കുടുംബത്തിലെ നാലുപേരുടെ മരണകാരണം എലിവിഷം ഉള്ളിൽച്ചെന്നതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡിന്റെ അംശം കണ്ടെത്തിയതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ലഭ്യമായത്.

കുടുംബം അവസാനമായി കഴിച്ച തണ്ണിമത്തനിലൂടെയാണ് വിഷം ഉള്ളിലെത്തിയതെന്നായിരുന്നു ആദ്യ ഘട്ടത്തിലെ സംശയം. എന്നാൽ പരിശോധനയിൽ തണ്ണിമത്തനിൽ വിഷാംശം കണ്ടെത്താനായില്ല. ഏപ്രിൽ 26-നാണ് അബ്ദുല്ല ദൊകാഡിയ, ഭാര്യ നസ്രിൻ, മക്കളായ ആയിഷ, സൈനബ് എന്നിവർ മരണപ്പെട്ടത്. തലേദിവസം രാത്രി അബ്ദുല്ലയുടെ സഹോദരങ്ങൾക്കായി വീട്ടിൽ വിരുന്നൊരുക്കിയിരുന്നു. വിരുന്നുകാർ മടങ്ങിയ ശേഷം പുലർച്ചെ ഒന്നിന് തണ്ണിമത്തൻ കഴിച്ചതായി അബ്ദുല്ലയും മകളും മരണമൊഴി നൽകിയിരുന്നു.

മരിച്ചവരുടെ ആന്തരികാവയവങ്ങൾക്ക് പച്ചനിറം ബാധിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് അന്വേഷണത്തിൽ വലിയ സൂചനയായി. പുലർച്ചെ അഞ്ച് മണിയോടെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാലുപേരും മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിങ്ക് ഫോസ്ഫൈഡ് അബദ്ധത്തിൽ ഭക്ഷണത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവം കുത്തിവെച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങൾ ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിരുന്നിൽ പങ്കെടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.