ഒരാഴ്ച കഴിഞ്ഞ് ബിഎംഡബ്ല്യു ഓടിച്ചാൽ പോരെ? രാജ്യത്തിന് വേണ്ടത് മുഴുവൻ സമയ പ്രതിപക്ഷ നേതാവിനെ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്

 

പാർലമെന്റിൽ അതിപ്രധാനമായ ബില്ലുകൾ ചർച്ചയ്‌ക്ക് വരുമ്പോൾ സഭയിലില്ലാത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തിന് ഒരു മുഴുവൻ സമയ പ്രതിപക്ഷ നേതാവിനെയാണ് ആവശ്യമെന്നും, ജനവിരുദ്ധ ബില്ലുകൾ പാർലമെന്റ് പാസ്സാക്കുമ്പോൾ രാഹുൽ ഗാന്ധി ജർമ്മനിയിൽ ബിഎംഡബ്ല്യൂ ബൈക്ക് ഓടിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് പരിഹസിച്ചു. വിവാദമായ തൊഴിലുറപ്പ് ബില്ലടക്കം സഭ പരിഗണിക്കുമ്പോൾ രാഹുൽ നടത്തിയ വിദേശസന്ദർശനത്തെയാണ് ബ്രിട്ടാസ് ചോദ്യം ചെയ്തത്.

ഇന്ത്യ മുന്നണിയുടെ യോഗത്തിൽ ഡിഎംകെ നേതാവ് ടി.ആർ. ബാലുവും പ്രതിപക്ഷ നേതാവ് എവിടെയാണെന്ന് ചോദിച്ച കാര്യം ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മൂന്ന് പ്രധാന ബില്ലുകൾ സർക്കാർ വളരെ ലാഘവത്തോടെയാണ് സഭയിൽ പാസ്സാക്കിയെടുത്തത്. രാഹുലിനെപ്പോലൊരു നേതാവ് പാർലമെന്റിൽ ഉണ്ടാവുകയും പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ അത് ശ്രദ്ധിക്കുമായിരുന്നു. പാർലമെന്റ് കലണ്ടർ നേരത്തെ അറിയാമായിരുന്നിട്ടും ബിജെപിയുടെ തന്ത്രങ്ങളെ നേരിടാൻ നിൽക്കാതെ രാഹുൽ വിദേശത്തേക്ക് പോയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിഎംഡബ്ല്യൂ കമ്പനി അവിടെത്തന്നെയുണ്ടാകുമെന്നും ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരായിരുന്നോ എന്നും ബ്രിട്ടാസ് ചോദിച്ചു. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി 'വി ബി ജി റാം ജി' എന്ന പുതിയ പദ്ധതി കൊണ്ടുവരുന്ന ബില്ല് പാർലമെന്റിൽ ചർച്ച ചെയ്യുമ്പോഴാണ് രാഹുൽ ഗാന്ധി മ്യൂണിക്കിലെ ബിഎംഡബ്ല്യൂ പ്ലാന്റ് സന്ദർശിച്ചതും അതിന്റെ വീഡിയോ പങ്കുവെച്ചതും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു പദ്ധതിയെ കേന്ദ്രം അട്ടിമറിക്കുമ്പോൾ പ്രതിപക്ഷ നേതാവ് സഭയിൽ ഇല്ലാത്തത് വലിയ വീഴ്ചയാണെന്ന് ബ്രിട്ടാസ് കൂട്ടിച്ചേർത്തു.