സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: 'വെട്രി പയണം' പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്

 

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പേരുമായി ചേർത്തുവെച്ച് 'വെട്രി പയണം' (വിജയ യാത്ര) എന്ന് പുനർനാമകരണം ചെയ്ത പദ്ധതിയുടെ വിപുലീകരണം ചെന്നൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇതോടെ സാധാരണ ഓർഡിനറി ബസുകളിൽ മാത്രം ലഭ്യമായിരുന്ന സൗജന്യ യാത്ര എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് ബസുകളിലേക്കും വ്യാപിപ്പിച്ചു.

സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന 12,692 സർക്കാർ ബസുകളിൽ ഇനി സൗജന്യമായി യാത്ര ചെയ്യാം. ഗുണഭോക്താക്കൾക്ക് യാതൊരു വരുമാന പരിധിയോ ദിവസേനയുള്ള യാത്രകളുടെ എണ്ണത്തിൽ നിയന്ത്രണമോ ഉണ്ടാകില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. പദ്ധതി വിപുലീകരിച്ചതോടെ പ്രതിദിനം 84 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സ്ത്രീകളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും തുല്യ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.