ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്ത: ഇന്ത്യൻ തീരങ്ങളിലെ ചൂര സുരക്ഷിതം, ആശങ്ക വേണ്ടെന്ന് സി.എം.എഫ്.ആർ.ഐ
ബ്രസീലിലെ ചൂര മീനുകളിൽ വിരകളെ കണ്ടെത്തിയെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര മത്സ്യം പൂർണമായും സുരക്ഷിതമാണെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI). ഇന്ത്യയിൽ ലഭിക്കുന്ന ചൂര മീനുകളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ഇവ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും സി.എം.എഫ്.ആർ.ഐ വ്യക്തമാക്കി.
മത്സ്യ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിലെ ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം ഇവിടെ കണ്ടെത്താനായിട്ടില്ലെന്നും സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അറിയിച്ചു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റു ജീവികളുടെ സാന്നിധ്യവും അനുസരിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളിൽ പരാദജീവികൾ (parasites) കാണപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമുദ്രമേഖലയിൽ അത്തരം സാഹചര്യങ്ങളില്ല. മീൻ നന്നായി കഴുകി ശുചിയാക്കി, ആന്തരിക അവയവങ്ങൾ ഒഴിവാക്കി ശരിയായി വേവിച്ചു കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും അവയുടെ പോഷകഗുണങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും ശാസ്ത്രജ്ഞർ കൂട്ടിചേർത്തു.