'യുവ്‌രാജിന്റെ  കരിയർ നശിപ്പിച്ചു, ധോണിയോട് ഒരിക്കലും പൊറുക്കില്ല'; വിമർശനവുമായി യുവിയുടെ പിതാവ്

 

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരേ  കടുത്ത വിമർശനവുമായി യുവ്രാജ് സിങ്ങിന്റെ പിതാവും മുൻ ടീം അംഗവുമായ യോഗ്രാജ് സിങ്. യുവ്രാജിന്റെ കരിയർ തകർത്തത് ധോനിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഇതിന് ഒരിക്കലും ധോനിയോട് പൊറുക്കില്ലെന്നും കൂട്ടിച്ചേർത്തു. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

'ഞാൻ ധോനിയോട് ഒരിക്കലും ക്ഷമിക്കില്ല. ധോനി കണ്ണാടിയിൽ അദ്ദേഹത്തിന്റെ മുഖം നോക്കണം. അദ്ദേഹം വലിയ താരമാണ്, എന്നാൽ എന്താണ് എന്റെ മകനോട് അദ്ദേഹം ചെയ്തത്. അതെല്ലാം ഇപ്പോൾ പുറത്തുവരുന്നുണ്ട്. ആ ചെയ്തതിനൊന്നും ഞാൻ ജീവിതത്തിലൊരിക്കലും ക്ഷമിക്കില്ല. ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഞാൻ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോൾ ആലിംഗനം ചെയ്യുക. അതിപ്പോൾ എന്റെ കുടുംബാംഗങ്ങളാണെങ്കിൽ പോലും.' യോഗ്രാജ് കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചു.

യുവിക്കെതിരേ ധോനി പ്രവർത്തിച്ചിരുന്നുവെന്ന് മുമ്പും ആരോപിച്ച് യോഗ്രാജ് രംഗത്തുവന്നിരുന്നു. ധോനിയുടെ മോശം പ്രവൃത്തികൾ കാരണമാണ് ഈ വർഷം ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം നേടാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞും ഇദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.