'പിഴവ് സംഭവിക്കാം, പക്ഷെ വഞ്ചന അരുത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ

 

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കുറുക്കുവഴികളെയല്ല, കഠിനാധ്വാനത്തെയും സത്യസന്ധതയെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയായ എക്‌സിലൂടെ പ്രതികരിച്ചു.

തന്റെ പിതാവ് പകർന്നുനൽകിയ പാഠങ്ങൾ ഓർത്തെടുത്താണ് സച്ചിന്റെ കുറിപ്പ്: "തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ വഞ്ചന ഒരിക്കലും പാടില്ല. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കാതെ വരുമ്പോൾ വിദ്യാർത്ഥികൾ നിരാശരാകുന്നത് സ്വാഭാവികമാണ്. ഈ അവസ്ഥ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ഒന്നിച്ചുനിൽക്കണം," സച്ചിൻ കുറിച്ചു. യുവാക്കളുടെ ഭാവിയും സ്വപ്നങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കും സമൂഹത്തിനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാർ സമരം ശക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ നീക്കി മുന്നേറിയ നേതാക്കൾ ബിർള മന്ദിരത്തിന് മുന്നിൽ ധർണയിരുന്ന് ദേശീയഗാനം ആലപിച്ചാണ് സമരം അവസാനിപ്പിച്ചത്.