കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; ദാരുണ അന്ത്യം വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ
കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. ധാർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറി ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 24-ന് വിവാഹം നടക്കാനിരിക്കെയാണ് ഫൈറോസിന്റെ ദാരുണാന്ത്യം. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, വീടിന്റെ പോർച്ചിലിരിക്കുകയായിരുന്ന ഫൈറോസിനോട് ഒരാൾ അടുത്തിരുന്ന് സംസാരിക്കുന്നത് കാണാം. ഈ സമയം രണ്ട് പേർ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ഫോണിൽ സംസാരിച്ച് വാതിൽക്കൽ നിന്ന ഫൈറോസിനെ സംസാരിച്ചിരുന്നയാൾ പിന്നിൽ നിന്നെത്തി വയറിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഫൈറോസ് വീടിനുള്ളിലേക്ക് ഓടിയെങ്കിലും പിന്നാലെ എത്തിയ അക്രമിസംഘം വീടിനുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് ഫൈറോസിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ഉൾപ്പെടെ അക്രമിസംഘം ഉപദ്രവിച്ചതായും രണ്ട് മൊബൈൽ ഫോണുകൾ കവർന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ നേരിട്ടെത്തി പരിശോധന നടത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യമാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.