മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: സക്കർബർഗ് മാപ്പ് പറയണം; മെറ്റയ്ക്ക് അന്ത്യശാസനം നൽകി പാർലമെന്ററി സമിതി

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്‌ക്കെതിരെ കർശന നടപടിയുമായി കേന്ദ്ര പാർലമെന്ററി സമിതി. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഐ.ടി നിയമപ്രകാരം നൽകുന്ന 'സേഫ് ഹാർബർ' നിയമപരിരക്ഷ പിൻവലിക്കുമെന്നും മാർക്ക് സക്കർബർഗ് മാപ്പുപറയേണ്ടി വരുമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള സമിതി മൂന്ന് ദിവസത്തെ അന്ത്യശാസനം നൽകി.

മോദിയുടെ വീഡിയോ നീക്കം ചെയ്തത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ വിശദീകരണം നൽകുന്നതിനായി മെറ്റയുടെ പബ്ലിക് പോളിസി മേധാവി ജോയൽ കപ്ലാൻ അടക്കമുള്ള ആഗോള നേതൃസംഘം ഡൽഹിയിലെത്തിയിട്ടുണ്ട്. ഐ.ടി സെക്രട്ടറി എസ്. കൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.

സംഭവത്തിൽ മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക തകരാറിനെക്കുറിച്ചുള്ള രേഖാമൂലമുള്ള റിപ്പോർട്ടും ഔദ്യോഗിക മാപ്പപേക്ഷയും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടേക്കും.