സക്കർബർഗ് ആരുടെയും ഭീഷണിക്ക് വഴങ്ങി മാപ്പ് പറയരുത്: പിന്തുണയുമായി മഹുവ മൊയ്ത്ര എം.പി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് താൽക്കാലികമായി അപ്രത്യക്ഷമായ സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.
'ഹലോ മാർക്ക്, കേന്ദ്രസർക്കാർ ഇടയ്ക്കിടെ ജനങ്ങളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി അവർക്കിഷ്ടപ്പെടാത്ത ഉള്ളടക്കം നീക്കംചെയ്യാറുണ്ട്. ഒരു വീഡിയോ അബദ്ധത്തിൽ കുറച്ചുനേരം അപ്രത്യക്ഷമായെന്നു കരുതി ആകാശം ഇടിഞ്ഞുവീഴില്ല. ആരുടേയും ഭീഷണിക്ക് വഴങ്ങി മാപ്പുപറയരുത്.' -മൊയ്ത്ര എക്‌സിൽ കുറിച്ചു.
ജനങ്ങളെ ഭീഷണിപ്പെടുത്തി തങ്ങൾക്ക് താല്പര്യമില്ലാത്ത ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക എന്നത് സർക്കാരിന്റെ രീതിയാണെന്നും ഒരു വീഡിയോ അല്പസമയം നീക്കം ചെയ്യപ്പെട്ടതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, ചോദ്യച്ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി പങ്കുവെച്ച സെൽഫി വീഡിയോ നീക്കം ചെയ്യപ്പെടാനിടയായ സംഭവത്തിൽ വിശദീകരണം നൽകാനായി മെറ്റയുടെ ആഗോള നേതൃസംഘം ഡൽഹിയിലെത്തിയിട്ടുണ്ട്. പബ്ലിക് പോളിസി മേധാവി ജോയൽ കപ്ലാൻ അടക്കമുള്ള സംഘത്തോടു ഐ.ടി മന്ത്രാലയം വിശദീകരണം തേടും. സംഭവത്തിൽ മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നെങ്കിലും, സാങ്കേതിക തകരാറിനെക്കുറിച്ച് വ്യക്തമാക്കുന്ന രേഖാമൂലമുള്ള റിപ്പോർട്ടും ഔദ്യോഗിക മാപ്പപേക്ഷയും സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.