ബി.ജെ.പി വിട്ടതിന് പിന്നാലെ നടൻ ദേവൻ ടി.വി.കെയിൽ ചേർന്നു

 

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന് പിന്നാലെ പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ) ചേർന്നു. ടി.വി.കെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ചാലക്കുടിയിലെ വീട്ടിൽ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള നേതാക്കളും നടി പ്രിയങ്കയും ദേവനെ സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 10-ന് ശേഷം വിജയിയുമായി നടക്കുന്ന ചെന്നൈ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും പാർട്ടിയിലെ പുതിയ ചുമതലകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ബി.ജെ.പിയിൽ അത് കാണാൻ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദേവൻ പാർട്ടി വിട്ടത്. അതേസമയം, ബി.ജെ.പിയിൽ നിന്നിട്ട് കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തതിനാലും വിജയ് ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കിയുമാണ് ദേവൻ ടി.വി.കെയിൽ ചേരാൻ തീരുമാനിച്ചതെന്ന് നടി പ്രിയങ്ക പ്രതികരിച്ചു.