നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടി ഗൗതമി; രാജപാളയം മണ്ഡലം വേണമെന്ന് ആവശ്യം

 

വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി. രാജപാളയം മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ (AIADMK) പ്രചരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. തന്റെ ദീർഘകാലമായുള്ള ആഗ്രഹമാണിതെന്നും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി തനിക്ക് സീറ്റ് നൽകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

വർഷങ്ങളോളം ബിജെപിയിൽ സജീവമായിരുന്ന ഗൗതമി കഴിഞ്ഞ വർഷമാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച വ്യക്തിയെ പാർട്ടിയിലെ ചില നേതാക്കൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചാണ് അവർ ബിജെപി വിട്ടത്. രാജപാളയം മണ്ഡലത്തിൽ ഇതിനോടകം തന്നെ ഗൗതമി ജനസമ്പർക്ക പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ നേതൃത്വം സീറ്റ് നൽകുകയാണെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗൗതമി.