സോളാറിലെ ഗൂഢാലോചനയിൽ സിബിഐ അന്വേഷണം വേണം; ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന്‍

 
സോളാർ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ല. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ട. എന്നാൽ സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇല്ലെങ്കിൽ നിയമ വഴി തേടും. ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണത്തില്‍ ഒരു ഭയവും ഇല്ലെന്നും സതീശന്‍ വ്യക്തമാക്കി.
യുഡിഎഫിനെതിരെ ഒരു പരാമർശവും സിബിഐ റിപ്പോർട്ടിൽ ഇല്ല. പിണറായി വിജയന്‍ നന്ദകുമാറിനെ കണ്ടോ എന്ന് ഇനി പറയേണ്ടത് അദ്ദേഹം തന്നെയാണ്. ദല്ലാൾ പറയുന്നത് എങ്ങനെ മുഖവിലയ്ക്ക് എടുക്കും? രണ്ട് കോൺഗ്രസ് ആഭ്യന്തര മന്ത്രിമാർ ഇടപെട്ടുവെന്ന് ഇന്നലെ നന്ദകുമാർ പറഞ്ഞത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്. പിണറായി വിജയന്‍ ഗെറ്റ് ഔട്ട് അടിച്ച ആളുടെ വീട്ടിൽ ഇ പി ജയരാജന്‍ എന്തിനാണ് പോയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.