നിയമസഭയിലെ കീഴ്‌വഴക്കങ്ങൾ മാറ്റിമറിച്ച് മുഖ്യമന്ത്രി വിജയ്; മന്ത്രിമാർക്കൊപ്പം മുൻനിരയിൽ ഇരിപ്പുറപ്പിച്ചു

 

തമിഴ്‌നാട് നിയമസഭയിലെ പതിറ്റാണ്ടുകൾ നീണ്ട പരമ്പരാഗത കീഴ്‌വഴക്കങ്ങൾ മാറ്റിമറിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സഭാ നടപടികൾക്കിടെ തനിക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കസേരയിൽ നിന്നെഴുന്നേറ്റ് മന്ത്രിമാർക്കൊപ്പമുള്ള മുൻനിരയിലെ സീറ്റിൽ വിജയ് ഇരിപ്പുറപ്പിച്ചത് സഭയ്ക്കുള്ളിലും പുറത്തും വലിയ ചർച്ചയായി.

സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശത്തുള്ള പ്രത്യേക കസേരയിലാണ് പരമ്പരാഗതമായി മുഖ്യമന്ത്രിമാർ ഇരിക്കാറുള്ളത്. എന്നാൽ സഭാ സമ്മേളനത്തിനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സഭാനായകനും മുതിർന്ന മന്ത്രിയുമായ കെ. എ. സെങ്കോട്ടയ്യൻ, മന്ത്രി ആധവ് അർജുന എന്നിവർക്കിടയിലുള്ള സീറ്റിലേക്ക് വിജയ് മാറുകയായിരുന്നു. സാമാജികർ അത്യാവശ്യ ഘട്ടങ്ങളിൽ സീറ്റുകൾ മാറി സംസാരിക്കാറുണ്ടെങ്കിലും, ഒരു മുഖ്യമന്ത്രി തന്നെ സ്വന്തം ഇരിപ്പിടം ഉപേക്ഷിച്ച് മന്ത്രിമാർക്കൊപ്പം സാധാരണ രീതിയിൽ ഇരിക്കുന്നത് തമിഴ്‌നാട് നിയമസഭാ ചരിത്രത്തിൽ അപൂർവ്വ സംഭവമാണ്.

അതേസമയം, സഭാ നടപടികളിൽ വകുപ്പ് സെക്രട്ടറിമാരുടെ അസാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. കരൂർ ദുരന്തം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ സഭ ചർച്ച ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ ഗാലറിയിൽ ഇല്ലാത്തത് വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഉദ്യോഗസ്ഥർ തൊട്ടടുത്തുള്ള 'വാർ റൂമിലിരുന്ന്' നടപടികൾ തത്സമയം വീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി ആധവ് അർജുന മറുപടി നൽകി. തുടർന്ന്, സഭ നടക്കുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് സന്നിഹിതരാകണമെന്ന് സ്പീക്കർ ജെ. സി. ഡി. പ്രഭാകർ നിർദ്ദേശിച്ചു.