അസമിൽ കോൺഗ്രസിന് വീണ്ടും ആഘാതം; സസ്‌പെൻഷനിലായിരുന്ന മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു
അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സസ്‌പെൻഷനിലായിരുന്ന മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഗുവാഹത്തിയിലെ സംസ്ഥാന ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എം.എൽ.എമാരായ കമലാഖ്യ ഡേ പുർകായസ്ത, ബസന്ത ദാസ്, ശശി കാന്ത ദാസ് എന്നിവരാണ് ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് സൈകിയയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം.
കഴിഞ്ഞ മാസം മുതിർന്ന നേതാവ് ഭൂപൻ ബോറ ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മൂന്ന് എം.എൽ.എമാർ കൂടി പാർട്ടി വിടുന്നത്. മറ്റ് പാർട്ടികളിൽ നിന്നും പ്രത്യേകിച്ച് കോൺഗ്രസിൽ നിന്നും നേതാക്കളും പ്രവർത്തകരും കൂട്ടമായി ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം സ്വീകരിച്ച് എത്തുകയാണെന്ന് കേന്ദ്ര സഹമന്ത്രി പബിത്ര മാർഗരിറ്റ പ്രതികരിച്ചു. കോൺഗ്രസ് പുറത്തിറക്കിയ 42 പേരുടെ സ്ഥാനാർത്ഥി പട്ടികയിൽ പുതുമയില്ലെന്നും ജനങ്ങൾ നേരത്തെ നിരസിച്ചവരാണ് പട്ടികയിലുള്ളവരെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ 'വംശപരമ്പര പട്ടിക' എന്ന് വിളിച്ചാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചത്. ബി.ജെ.പി താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പ്രാധാന്യം നൽകുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എ.ഐ.സി.സി പുറത്തുവിട്ട പട്ടികയിൽ അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ്, റിപുൻ ബോറ, ദേബബ്രത സൈകിയ തുടങ്ങി പ്രമുഖ നേതാക്കൾ ഇടംപിടിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള എൻ.ഡി.എ നീക്കങ്ങൾക്കിടെയുള്ള ഈ കൊഴിഞ്ഞുപോക്ക് കോൺഗ്രസ് ക്യാമ്പുകളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.