അഭ്യൂഹങ്ങൾക്ക് വിരാമം; സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്

 

സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെ നാളായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് അദ്ദേഹം ബിജെപി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് സി.പി.എമ്മിൽ നിന്നും സസ്പെൻഷനിലായ രാജേന്ദ്രൻ ദീർഘകാലമായി പാർട്ടിയുമായി അകന്നു കഴിയുകയായിരുന്നു. ബിജെപിയിൽ ചേർന്നാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് സി.പി.എമ്മിന്റെ ഇടുക്കിയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന രാജേന്ദ്രന്റെ ഈ നീക്കം ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.