‘ലിജു കരഞ്ഞ് വോട്ടുപിടിച്ചു, എന്നെ വില്ലത്തിയാക്കി’; കായംകുളം മുൻ എംഎൽഎ യു. പ്രതിഭയുടെ ഫേസ്ബുക്ക് ലൈവ് വൈറൽ
കായംകുളത്തെ യുഡിഎഫ് എംഎൽഎയും പുതിയ മന്ത്രിയുമായ എം. ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ എംഎൽഎ യു. പ്രതിഭ. തിരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും, തന്നെ ജനങ്ങൾക്ക് മുന്നിൽ വില്ലത്തിയാക്കി മോശം പ്രചാരണങ്ങൾ അഴിച്ചുവിട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ ആരോപിച്ചു.
ലിജു ജയിച്ചത് ശരിയായ മാർഗ്ഗത്തിലല്ലെന്ന് യു. പ്രതിഭ ലൈവിൽ പറഞ്ഞു. "പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി എനിക്കൊരു അവസരം തരണം എന്ന് പറഞ്ഞാണ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഇപ്പോഴത്തെ മന്ത്രി പ്രചാരണം നടത്തിയത്. വോട്ടർമാർക്ക് മുന്നിൽ അദ്ദേഹം കരഞ്ഞ് വോട്ട് ചോദിച്ചപ്പോൾ സ്വാഭാവികമായും വലിയൊരു സഹതാപതരംഗം ഉണ്ടായി. കായംകുളംകാർ എനിക്കൊരു അവസരം തരണേ എന്ന് പറഞ്ഞുള്ള ആ കരച്ചിലാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഏറ്റതെന്ന് കോൺഗ്രസിലെ പലരും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്," പ്രതിഭ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് ഒരു സ്ത്രീയായ തനിക്കെതിരെ പറയാവുന്നതിന്റെ പരമാവധി ചിലർ പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു. വീടുവീടാന്തരം കയറി തന്നെക്കുറിച്ചും തനിക്ക് വേണ്ടപ്പെട്ടവരുടെ വീടുകളിൽ കയറിയും വലിയ രീതിയിൽ അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തി. ഒരു സ്ത്രീയെപ്പറ്റി വ്യക്തിഹത്യ നടത്താൻ ആർക്കും അവകാശമില്ലെന്നും, അവരുടെ വ്യക്തിജീവിതം അവരുടേത് മാത്രമാണെന്നും പ്രതിഭ ഓർമ്മിപ്പിച്ചു. കായംകുളത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുൻ എംഎൽഎ നടത്തിയ ഈ ഫേസ്ബുക്ക് ലൈവ് പ്രതികരണങ്ങൾ ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.