ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ വൻ വെട്ടിനിരത്തൽ; എം.ടി. രമേശിനും ബി. ഗോപാലകൃഷ്ണനും സീറ്റില്ല, പാർട്ടിയിൽ കലഹം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച പട്ടികയിൽ എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കളെ തഴഞ്ഞതാണ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും അമർഷത്തിന് കാരണമായിരിക്കുന്നത്. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, ജെ.ആർ. പത്മകുമാർ തുടങ്ങിയ മുതിർന്ന നേതാക്കളും ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
തൃശൂർ മണ്ഡലം നൽകാത്തതിൽ പ്രതിഷേധിച്ച് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എം.ടി. രമേശ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കൾ കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. ട്വന്റി ട്വന്റിക്ക് കൂടുതൽ സീറ്റുകൾ നൽകിയതിലും മുൻപ് പാർട്ടിയെ വിമർശിച്ചവർക്ക് സ്ഥാനാർഥിത്വം നൽകിയതിലും ഒരു വിഭാഗം പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ട്.
അതേസമയം, പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യ പ്രതികരണം നടത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവിനെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റ് നൽകിയതിനെതിരെ രംഗത്തുവന്നതിനാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപടിയെടുത്തത്. എ ക്ലാസ് മണ്ഡലമായ ചെങ്ങന്നൂരിൽ എം.വി. ഗോപകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയും പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമാണ്. സന്ദീപ് വാചസ്പതിയോ ശ്രീധരൻപിള്ളയോ മത്സരിക്കുമെന്ന് കരുതിയ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർഥി വന്നതാണ് പ്രതിഷേധത്തിന് കാരണം.