പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി എൽ.ഡി.എഫ് പ്രഖ്യാപിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കി ഇടത് മുന്നണി. പാലക്കാട്, കൊടുവള്ളി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാലക്കാട് മണ്ഡലത്തിൽ പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും.

നേരത്തെ പി. സരിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ സരിനെ സി.പി.എം മത്സരിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ എൻ.എം.ആർ. റസാഖിലൂടെ മണ്ഡലം പിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.

കൊടുവള്ളിയിൽ സ്ഥാനാർത്ഥിയാകുന്ന സലീം മടവൂർ എൽ.ഡി.എഫിലെ ഘടകകക്ഷിയായ ആർ.ജെ.ഡിയുടെ പ്രമുഖ നേതാക്കളിലൊരാളാണ്. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം സ്വതന്ത്രനായി ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിലൂടെ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് ശ്രമിച്ചെങ്കിലും മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ മുൻനിർത്തി വിജയം കൊയ്യാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.