ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പി.പി. ദിവ്യ പുറത്ത്

 

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെയും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൂസൻ കോടിയെയും ഒഴിവാക്കി. മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ നടപടി സ്വീകരിച്ചത്. തന്നെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പി.പി. ദിവ്യ തന്നെ സംഘടനയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കൂട്ടിലായ പി.പി. ദിവ്യക്കെതിരെ പാർട്ടി നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്വത്തിൽനിന്ന് അവരെ ഇരണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും അവർ പുറത്തുപോകുന്നത്. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനശൈലി അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദിവ്യക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു.

കൊല്ലത്തെ പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടർന്നാണ് സൂസൻ കോടി മഹിളാ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നത്. മൂന്നു തവണ ഭാരവാഹിത്വത്തിൽ ഇരുന്നാൽ സ്ഥാനം ഒഴിയണമെന്ന സംഘടനയുടെ നയം കൂടി കണക്കിലെടുത്താണ് സൂസൻ കോടിയെ മാറ്റിയതെന്നും പി.കെ. ശ്രീമതി അറിയിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. സലീഖയെ സംസ്ഥാന പ്രസിഡന്റായും ഇ. പത്മാവതിയെ ട്രഷററായും തിരഞ്ഞെടുത്തു. സി.എസ്. സുജാത സംസ്ഥാന സെക്രട്ടറിയായി തുടരും.