പഞ്ചാബ് കോൺഗ്രസിൽ വിഭാഗീയത രൂക്ഷം; പി.പി.സി.സി അധ്യക്ഷൻ അമരിന്ദർ സിങ് രാജ വാറിങ് രാജിവെച്ചു

 

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയിലെ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.പി.സി.സി) അധ്യക്ഷൻ അമരിന്ദർ സിങ് രാജ വാറിങ് സ്ഥാനം ഒഴിഞ്ഞു. നാല് വർഷത്തിലേറെയായി സംസ്ഥാന കോൺഗ്രസിനെ നയിച്ചുവന്ന അദ്ദേഹം രാഹുൽ ഗാന്ധിക്ക് നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. സംസ്ഥാന ഘടകത്തിലെ ദീർഘകാലമായുള്ള ആഭ്യന്തര ഭിന്നത പരിഹരിക്കാൻ എ.ഐ.സി.സി ഇൻചാർജായി ഭൂപേഷ് ബാഗേലിന് പകരം സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡ് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

പുതിയ അധ്യക്ഷ പദവിയിലേക്ക് മുൻ മന്ത്രിയും എ.ഐ.സി.സി കോ-ട്രഷററുമായ വിജയ് ഇന്ദർ സിംഗ്ലായുടെ പേരാണ് സജീവമായി പരിഗണിക്കപ്പെടുന്നത്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ രാജ വാറിങ്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വെല്ലുവിളികൾ അതിജീവിച്ച് പാർട്ടിയെ വിജയത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. 2027 ആരംഭത്തിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.