മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങി; രാഹുൽ ചെയ്ത നല്ല കാര്യങ്ങൾ തുടരും: രമേഷ് പിഷാരടി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ടേക്ക് പുറപ്പെടുന്നതിന് മുൻപ് നടൻ മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങിയതായി യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. രാഷ്ട്രീയ വിഷയങ്ങളിലടക്കം മമ്മൂട്ടിയുമായി ദിവസവും ചർച്ചകൾ നടത്താറുണ്ടെന്നും എന്നാൽ പ്രചാരണത്തിനായി ചലച്ചിത്ര താരങ്ങളെ ആരെയും താൻ നിർബന്ധിച്ച് എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടേക്ക് തിരിക്കുന്നതിന് മുൻപ് തൃപ്പൂണിത്തുറയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഷാരടി.
തൃപ്പൂണിത്തുറയിലെ സിറ്റിങ് എം.എൽ.എ കെ. ബാബുവിന്റെ അനുഗ്രഹം വാങ്ങിയാണ് പിഷാരടി തന്റെ ജന്മനാടായ പാലക്കാട്ടേക്ക് തിരിച്ചത്. പാലക്കാട് എം.എൽ.എമാരായിരുന്ന ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ വിപ്ലവാത്മകമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ആരംഭിച്ച നല്ല കാര്യങ്ങളുടെ തുടർച്ച തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
രാഹുൽ മാങ്കൂട്ടത്തിൽ ഏകദേശം 13 വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും പത്തോളം വീടുകളുടെ നിർമ്മാണം പാതിവഴിയിലാണെന്നുമാണ് തന്റെ അറിവെന്നും അത്തരം ജനക്ഷേമകരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പിഷാരടി വ്യക്തമാക്കി.
കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും 'ജനവിധി തേടി ജന്മനാട്ടിലേക്ക്' പോകുന്നതിന്റെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ കുഴൽമന്ദമാണ് തന്റെ അമ്മയുടെ നാട്. പിതാവ് ജോലിക്കായി വെള്ളൂരിലേക്ക് വന്നതിനാലാണ് പിന്നീട് കുടുംബം തൃപ്പൂണിത്തുറയിൽ താമസമാക്കിയതെന്നും പിഷാരടി ഓർമ്മിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ പാലക്കാട്ടെത്തി അദ്ദേഹം ഔദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിക്കും.