'യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മന്ത്രിസഭയിലായത് സ്വാഗതാർഹം, പക്ഷെ...': ഒ.ജെ. ജനീഷിന് മറുപടിയുമായി ചിന്ത ജെറോം

 

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒജെ ജെനീഷിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. 'യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ..താങ്കളുടെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു' ചിന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയതിന് പിന്നാലെ ചിന്ത ജെറോമിനെതിരെ മന്ത്രി ഒജെ ജനീഷ് രംഗത്ത് എത്തിയിരുന്നു. വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാല്‍ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നായിരുന്നു ജനീഷിന്റെ പരാമര്‍ശം. 'വനിതാ പ്രസിഡന്റ എന്ന ഡിവൈഎഫ്‌ഐ തീരുമാനം സ്വാഗതാര്‍ഹം. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. എന്നാല്‍ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുത്'- ജനീഷ് പറഞ്ഞു.

ചിന്തയുടെ കുറിപ്പ്

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്..

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണ്..

എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ..

താങ്കളുടെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

മന്ത്രി എന്ന നിലയില്‍ ലഹരി കച്ചവടക്കാരായ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കരുത്

NB:ഞങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തില്‍ പുറകില്‍ നിന്നും ഉയര്‍ന്ന പ്രവര്‍ത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവര്‍ത്തിക്കരുത് എന്ന് പറയാനുമുള്ള ആര്‍ജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം..