സ്റ്റിക്കറിനൊപ്പം ഇനി ഓഡിയോയും; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

 

ചാറ്റിങ് കൂടുതൽ രസകരമാക്കുന്നതിനായി സ്റ്റിക്കറുകൾക്കൊപ്പം ശബ്ദവും ഉൾപ്പെടുത്താൻ സാധിക്കുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. സാധാരണ സ്റ്റിക്കറുകൾ അയക്കുമ്പോൾ ചിത്രങ്ങളിലൂടെയോ കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെയോ മാത്രമാണ് മറുപടി നൽകാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ സൗണ്ട് സ്റ്റിക്കർ ഫീച്ചർ എത്തുന്നതോടെ പ്രിയപ്പെട്ട സിനിമാ ഡയലോഗുകളും കോമഡി രംഗങ്ങളും ശബ്ദത്തോടെ തന്നെ സ്റ്റിക്കറുകളായി അയക്കാൻ കഴിയും. ഉപയോക്താക്കൾക്ക് സ്വന്തം ഗാലറിയിലുള്ള വീഡിയോകളിൽ നിന്ന് ശബ്ദം ഉൾപ്പെടുത്തിയ ആനിമേറ്റഡ് സ്റ്റിക്കറുകൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ടെക്നോളജി വെബ്‌സൈറ്റായ ഡബ്ല്യു.എ ബീറ്റാ ഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു.

സൗണ്ട് സ്റ്റിക്കർ അയക്കുമ്പോൾ ചാറ്റിൽ സ്റ്റിക്കറിന് മുകളിൽ ചെറിയൊരു ഓഡിയോ ഐക്കൺ കാണാൻ സാധിക്കും. ചാറ്റിങ്ങിന് തടസ്സമുണ്ടാകാതിരിക്കാൻ ഇവ ഡിഫോൾട്ടായി മ്യൂട്ട് ചെയ്താണ് സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റിക്കർ ലഭിക്കുന്നയാൾക്ക് അതിൽ ടാപ്പ് ചെയ്യുന്നതിലൂടെ ചേർത്തിരിക്കുന്ന ശബ്ദം കേൾക്കാൻ സാധിക്കും.

ആൻഡ്രോയിഡിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി സ്റ്റിക്കർ കീബോർഡിൽ നിന്ന് ക്രിയേറ്റ് സ്റ്റിക്കർ (Create sticker) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഗാലറിയിൽ നിന്ന് ഒരു വീഡിയോ ആഡ് ചെയ്യുകയാണ് വേണ്ടത്. വീഡിയോ ആനിമേറ്റഡ് സ്റ്റിക്കറായി മാറിക്കഴിഞ്ഞാൽ എഡിറ്ററിന്റെ മുകൾ ഭാഗത്തുള്ള പുതിയ ഓഡിയോ ബട്ടൺ വഴി ശബ്ദം ഉൾപ്പെടുത്താം. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വരും ആഴ്ചകളിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഈ ഫീച്ചർ വ്യാപിപ്പിക്കും.