വിദ്വേഷ പ്രചാരണം; ഒമ്പത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം

 

ബഹ്‌റൈനിലെ പൗരന്മാർക്കിടയിൽ ഭിന്നതയും വിദ്വേഷവും ആളിക്കത്തിച്ച് പൗരസമാധാനത്തിന് ഭീഷണി ഉയർത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച ഒമ്പത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള സൈബർ കുറ്റകൃത്യ പ്രതിരോധ ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്.

ബഹ്‌റൈനി സമൂഹത്തിന്റെ പൗരസമാധാനത്തിന് ഭീഷണിയാകുന്ന രീതിയിൽ വിദ്വേഷവും വിഭാഗീയതയും ലക്ഷ്യമിട്ടുള്ള ഉള്ളടക്കങ്ങൾ നിരീക്ഷിച്ച് വന്നതിനെ തുടർന്നാണ് ഡയറക്ടറേറ്റിന്റെ ഈ ഇടപെടൽ. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നതോ കമന്റുകളിലൂടെ പിന്തുണയ്ക്കുന്നതോ വ്യക്തികളെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കിയേക്കാം എന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. നിയമങ്ങൾക്കും ബഹ്‌റൈനി സമൂഹത്തിന്റെ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു.