ഹാഷ്‌ടാഗ് ഇട്ടാൽ ഇനി റീച്ച് കൂടില്ല; പുതിയ നിയന്ത്രണങ്ങളുമായി ഇൻസ്റ്റഗ്രാം

 

ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും റീലുകൾക്കും റീച്ച് കൂട്ടാൻ വാരിക്കോരി ഹാഷ്‌ടാഗുകൾ നൽകുന്ന രീതിക്ക് ഇനി വിരാമം. ഹാഷ്‌ടാഗുകളുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇനി മുതൽ ഒരു പോസ്റ്റിൽ മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്‌ടാഗുകൾ മാത്രമേ നൽകാവൂ എന്ന നിർദേശമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. ഹാഷ്‌ടാഗുകൾ കണ്ടന്റിന്റെ റീച്ച് കൂട്ടാൻ സഹായിക്കില്ലെന്നും മറിച്ച് സെർച്ചുകൾ എളുപ്പമാക്കാൻ മാത്രമുള്ളതാണെന്നും ഇൻസ്റ്റഗ്രാം സി.ഇ.ഒ ആഡം മൊസ്സേരി വ്യക്തമാക്കി.

സ്പാം കണ്ടന്റുകൾ ഒഴിവാക്കാനും കൃത്രിമമായി റീച്ച് വർദ്ധിപ്പിക്കുന്നത് തടയാനുമാണ് ഈ നീക്കം. കണ്ടെന്റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്‌ടാഗുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. '#reels', '#explore' തുടങ്ങിയ ജനറൽ ടാഗുകൾ ഒഴിവാക്കി, വീഡിയോയുടെ വിഷയവുമായി ഏറ്റവും കൂടുതൽ യോജിക്കുന്ന ടാഗുകൾ മാത്രം നൽകുന്നതാണ് ഉചിതം. ഉദാഹരണത്തിന്, പാചക വീഡിയോകൾക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട ടാഗുകൾ മാത്രം നൽകുക.

ഇൻസ്റ്റഗ്രാമിന് പുറമെ 'ത്രഡ്‌സിലും' ഒരു പോസ്റ്റിന് ഒരു ടാഗ് എന്ന രീതിയിൽ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ക്രിയേറ്റർമാർ ഹാഷ്‌ടാഗുകളെക്കാൾ കൂടുതൽ കണ്ടന്റിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇൻസ്റ്റഗ്രാം ഈ പുതിയ അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ പണിയെടുക്കാതെ ടാഗുകൾ വഴി വൈറലാകാൻ ശ്രമിക്കുന്നവർക്ക് ഈ മാറ്റം തിരിച്ചടിയാകും.