വനവാസത്തിന് പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം: കെ.യു. ജനീഷ് കുമാർ

 

പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. പത്തനംതിട്ടയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനീഷ് കുമാർ പരിഹസിച്ചു.

ശ്രീരാമചന്ദ്രന്റെ വനവാസ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകാമെന്നും അദ്ദേഹം കുറിച്ചു. ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡി.സി.സി പ്രസിഡന്റിനെയും സതീശന് ഒപ്പം കൂട്ടാവുന്നതാണെന്നും ജനീഷ് കുമാർ പരിഹസിച്ചു. മെയ് നാലിന് ഫലം വരുമ്പോൾ യു.ഡി.എഫിന്റെ അവകാശവാദങ്ങൾ പൊളിയുമെന്നും അന്ന് വനവാസത്തിന് തയ്യാറെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

വനവാസത്തിനായി ബഹു. പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം.

പത്തനംതിട്ട ജില്ലയിലെ എല്ലാ സീറ്റും തൂത്തുവാരും എന്ന ആഗ്രഹം വെറും സ്വപ്നമാണെന്ന് മെയ് 4 തെളിയിക്കും.

ഇനി അങ്ങ് വനവാസത്തിന് പോകുന്ന കാര്യം ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ നിരവധി അവശേഷിപ്പുകളുള്ള നാടാണ് കോന്നി. വനവാസത്തിനുള്ള സൗകര്യങ്ങളെല്ലാം തന്നെ ഇവിടെയുണ്ട്. ശ്രീരാമനൊപ്പം സഹോദരനായ ലക്ഷ്മണനും വനവാസത്തിനായി പോയതിനാൽ എറണാകുളം ഡി.സി.സി പ്രസിഡന്റിനേയും ഒപ്പം കൂട്ടാവുന്നതാണ്.

അങ്ങയുടെ നുണകളിലെ ഏറ്റവും വലിയ നുണയാണല്ലോ പത്തനംതിട്ട ജില്ലയിൽ 5 സീറ്റ് യു.ഡി.എഫ് നേടും എന്നു പറഞ്ഞത്.

മെയ് 4 വരെ വനവാസം ഒഴിവാകും എന്നു കരുതി സുഖമായി ഉറങ്ങാനാണ് അങ്ങ് അത് പറഞ്ഞതെന്ന് എനിക്കറിയാം. ആറന്മുളയായിരിക്കും ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിക്കുക. അവിടെ തോൽക്കുന്ന ആൾ കൂടെ വരാം എന്നു പറയുമെങ്കിലും കൂട്ടരുത്. ഹരിപ്പാടു നിന്നുള്ള പാര കയ്യിൽ കരുതിയിട്ടുണ്ടാകും.

ജില്ലയിലെ 5 സീറ്റ് എൽ.ഡി.എഫ് വിജയിച്ച് നിലനിർത്തുകയും അങ്ങ് വനവാസത്തിനായി കോന്നിയിലേക്ക് വരികയും ചെയ്യുമ്പോൾ

രാമനോടുള്ള പിന്തുണയും, പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ദുഃഖിതരായ അയോധ്യയിലെ ജനതയെപ്പോലെ കേരളം ദു:ഖിക്കില്ല.

കാരണം കേരളം അപ്പോഴും അങ്ങയോടു ചോദിക്കും.

ഫണ്ടെവിടെ....

വീടെവിടെ......