പുലികളി വിമർശനം: വാക്കുകൾ അനുചിതമായിപ്പോയെന്ന് വി.കെ. ശ്രീരാമൻ; ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ചു

 

തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ വിമർശിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. തന്റെ അഭിപ്രായവും അനുചിതമായ പദപ്രയോഗവും മനോവിഷമം ഉണ്ടാക്കിയത് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് വിവിധ പുലികളി സംഘങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ക്ഷമാപണം.

തൃശ്ശൂരിലെ പുലികളി യഥാർഥത്തിൽ ഒരു സിംഗിൾ തീം കാർണിവലാണെന്നും കാസർകോടൻ പുലികളി ഒരു മാർഷൽ കലാരൂപമാണെന്നുമാണ് പോസ്റ്റിനെത്തുടർന്നുണ്ടായ പലരുടേയും അഭിപ്രായങ്ങളിൽനിന്ന് ഏറ്റവും ശ്രദ്ധേയമായി തോന്നിയതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കാസർകോടൻ പുലികളിക്ക് കായികത കലർന്ന കലാരൂപം വേണം. പരിശീലനവും മെയ്‌വഴക്കവും വേണം. കാർണിവലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്‌പെക്ടക്കിൾ സൃഷ്ടിക്കുക എന്നതാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഈ അഭിപ്രായം ശരിയാണെന്ന് മനസ്സിലാക്കി തന്റെ അഭിപ്രായപ്രകടനത്തിലെ പക്വതയില്ലായ്മയെ അദ്ദേഹം പോസ്റ്റിൽ തുറന്നുപറഞ്ഞു. പുലികളിയെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടേയും സംഘാടകരുടേയും ഭാഗത്തുനിന്നുണ്ടാവട്ടെ. പുലികളി കലാകാരന്മാർക്കും അതുമായി ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അതിലുള്ള ഖേദം രേഖപ്പെടുത്തുകയാണെന്നുപറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നേരത്തേ കുറിച്ചത്. ലോകത്ത് ഒരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ 'ശാർദൂല വിക്രീഡിതം' എന്ന് ഈ 'കുംഭകുലുക്കി കളി'യെ പറ്റി പരാമർശമുണ്ടെന്നും സുബ്രൻ സ്വാമി പറയുന്നുണ്ടെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ കളിയാക്കി. വയറ്റിൽ ചിത്രം വരച്ച് അത് കുലുക്കുന്നത് കാണുമ്പോൾ തനിക്ക് ജുഗുപ്സയാണ് തോന്നുന്നതെന്നും വി.കെ. ശ്രീരാമൻ തന്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

പിന്നാലെ, അദ്ദേഹത്തിന്റെ പോസ്റ്റിന്റെ കമന്റ് ബോക്സിലും അല്ലാതെയുമായി കടുത്ത വിമർശനമാണ് ഉയർന്നത്. വി.കെ. ശ്രീരാമന്റെ പരാമർശം പുലികളി കലാകാരന്മാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണെന്ന് പുലികളി സംഘങ്ങൾ ആരോപിച്ചു. വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ, പോസ്റ്റ് പിൻവലിക്കാൻ തയ്യാറല്ലെന്നുമായിരുന്നു ഇതിനോട് ശ്രീരാമൻ നേരത്തേ പ്രതികരിച്ചിരുന്നത്. തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ പുലികളിയെ ഗിന്നസ് റെക്കോർഡിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു വിവാദം ഉയർന്നിരിക്കുന്നത്.