‘മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചവരോടും ബഹുമാനം’; മല്ലിക സുകുമാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

 

പൃഥ്വിരാജ് സുകുമാരനും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ' എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, സിനിമക്കും താരങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുതിർന്ന നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക സുകുമാരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

'യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണൻ്റെയും വല്ല പെണ്ണിൻ്റെയും ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു' എന്നാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്.

പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഈ കുറിപ്പ് അവർ പോസ്റ്റ് ചെയ്തത്. 'നായകൻ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് 'വിലായത്ത് ബുദ്ധ'യിലെ ഭാസ്കരൻ മാഷ് എന്ന വേഷം ചെയ്യാൻ തനിക്ക് സാധിച്ചതെന്നും, നായകനേക്കാള്‍ സ്ക്രീൻ സ്പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നൽകാനുള്ള മനസ്സുള്ള വ്യക്തിയാണ് രാജു. മറ്റൊരാളാണെങ്കിൽ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാൻ പറ്റില്ല. അതിന് ജീവിതകാലം മുഴുവൻ രാജുവിനോടും ചിത്രത്തിൻ്റെ സംവിധായകനോടും താൻ കടപ്പെട്ടിരിക്കും' എന്നാണ് ഷമ്മി തിലകൻ വീഡിയോയിൽ പറഞ്ഞിരുന്നത്.

സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ഷമ്മി തിലകനും ശക്തമായി എതിർത്തിരുന്നു. ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യെ ലക്ഷ്യമിട്ട് മതപരവും രാഷ്ട്രീയവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ രീതിയിലാണ് പ്രചാരണം നടന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ, എ.വി.എ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.