'ദി നെയിം ഈസ് ബോണ്ട'; ബോണ്ട് ആവേശം ചായക്കടയിലെത്തിച്ച് കേരള ടൂറിസം, ഏഴെണ്ണം ഒന്നിച്ച് കഴിക്കാൻ കഴിയില്ലെന്ന് ശശി തരൂർ
പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസണെ അടുത്ത ജെയിംസ് ബോണ്ടായി (007) ഔദ്യോഗികമായി പ്രഖ്യാപിച്ച വാർത്ത ലോകമെമ്പാടും തരംഗമാകുമ്പോൾ, പതിവുപോലെ ക്രിയാത്മകമായ പരസ്യവുമായി കയ്യടി നേടുകയാണ് കേരള ടൂറിസം. ആഗോള സിനിമാ ലോകത്തെ ഈ വലിയ വാർത്തയെ കേരളത്തിന്റെ തനത് ചായക്കട പലഹാരമായ 'ബോണ്ട'യുമായി സമർത്ഥമായി കോർത്തിണക്കിയാണ് കേരള ടൂറിസം പുതിയ പരസ്യചിത്രം പുറത്തിറക്കിയത്.
കേരളത്തിന്റെ പച്ചപ്പ് നിറഞ്ഞ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പരസ്യചിത്രത്തിന്റെ മധ്യത്തിലായി 'ദി നെയിം ഈസ് ബോണ്ട' (THE NAME IS BONDA) എന്ന് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന് താഴെയായി രണ്ട് ചൂടൻ ബോണ്ടകളുടെ ചിത്രങ്ങളും, ജെയിംസ് ബോണ്ടിന്റെ മുദ്രയായ തോക്കിന്റെ അടയാളമുള്ള '7' എന്ന അക്കവും ചേർത്ത് '007' മാതൃകയിലാണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. 'ആവേശമുണർത്താൻ ലൈസൻസുള്ള ഒരു ലഘുഭക്ഷണം' (A snack with a licence to thrill) എന്ന രസകരമായ അടിക്കുറിപ്പോടെയാണ് കേരള ടൂറിസം ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കേരള ടൂറിസത്തിന്റെ ഈ സർഗ്ഗാത്മക നീക്കത്തെ അഭിനന്ദിച്ച് തിരുവനന്തപുരം എം.പി ശശി തരൂരും രംഗത്തെത്തി. കേരള ടൂറിസത്തിന്റെ പരസ്യങ്ങൾ ദിനംപ്രതി കൂടുതൽ മികവുറ്റതായി മാറുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രശസ്ത ബോണ്ട് നോവലിസ്റ്റ് ഇയാൻ ഫ്ലെമിംഗിനോടുള്ള ആദരസൂചകമായാണ് മലയാളികളുടെ പ്രിയപ്പെട്ട വൈകുന്നേര പലഹാരമായ ബോണ്ടയെ കേരള ടൂറിസം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഒറ്റ ഇരുപ്പിൽ ഇത്തരത്തിലുള്ള ഏഴ് ബോണ്ടകൾ കഴിച്ചുതീർക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും തരൂർ തമാശരൂപേണ കൂട്ടിച്ചേർത്തു.