മുംബൈയിലെ താജ്മഹല് പാലസ് ഹോട്ടലിന്റെ പിന്നിലെ കഥ

 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആഡംബര ഹോട്ടലിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് താജാണ്. എന്നാൽ ഈ ഹോട്ടൽ വെറും ആഡംബരത്തിന്റെ പ്രതീകമല്ല. ഇന്ത്യക്കാരുടെ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ്.

1898-ൽ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റ ഒരു വലിയ സ്വപ്നത്തിന് തുടക്കമിട്ടു. അഞ്ച് വർഷത്തെ നിർമാണത്തിനുശേഷം, 1903-ൽ താജ്മഹൽ പാലസ്, ലോകത്തിന് മുന്നിൽ വാതിലുകൾ തുറന്നു. അന്നത്തെ കാലത്ത് തന്നെ 4.21 കോടി രൂപ ചെലവഴിച്ചാണ് ഈ അത്ഭുതം പണികഴിപ്പിച്ചത്. ആ കാലഘട്ടം ഓർക്കുമ്പോൾ തന്നെ അതിന്റെ മഹത്വം മനസ്സിലാകും.
മുംബൈയിലെ ആദ്യത്തെ വൈദ്യുതീകരിച്ച കെട്ടിടം, ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള ആദ്യ ഹോട്ടൽ. ഇങ്ങനെ നിരവധി 'ആദ്യങ്ങൾ' താജിന്റെ പേരിലാണ്.

ഹോട്ടൽ പ്രവർത്തനം തുടങ്ങിയപ്പോൾ ഒരു മുറിയുടെ വാടക വെറും 30 രൂപയായിരുന്നു. ഇന്ന് അവിടെ ഒരു രാത്രി താമസിക്കണമെങ്കിൽ കുറഞ്ഞത് 22,000 രൂപയെങ്കിലും ചെലവഴിക്കണം.
മുംബൈയിലെ ആദ്യത്തെ ലൈസൻസുള്ള ഹാർബർ ബാറും, ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഡേ ഡൈനിംഗ് റെസ്റ്റോറന്റും താജിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ആഡംബരത്തിന്റെ പുതിയ ചരിത്രം എഴുതിയ ഹോട്ടൽ എന്ന വിശേഷണം താജിന് സ്വന്തമായി.

പക്ഷേ, ഈ കഥയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഇനി വരാനിരിക്കുന്നു.ബ്രിട്ടീഷ് ഭരണകാലം. ഇന്ത്യക്കാർക്ക് പല യൂറോപ്യൻ ഹോട്ടലുകളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലം. ബ്രിട്ടനിലെ പ്രശസ്തമായ വാട്സൺ ഹോട്ടലിലും അതേ അവസ്ഥയായിരുന്നു. ഇന്ത്യക്കാരനായതിനാൽ ജംസെറ്റ്ജി ടാറ്റയ്ക്കും അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്.

ആ അപമാനത്തിന് മുന്നിൽ അദ്ദേഹം തലകുനിച്ചില്ല. പകരം ഒരു തീരുമാനമെടുത്തു.'ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ഇന്ത്യയിൽ പണിയും. അവിടെ ജാതിയോ മതമോ രാജ്യമോ നോക്കാതെ എല്ലാവർക്കും സ്വാഗതം ഉണ്ടായിരിക്കും.'ആ തീരുമാനത്തിന്റെ ഫലമായിരുന്നു താജ്മഹൽ പാലസ്.അതുകൊണ്ടുതന്നെ പലരും പറയാറുണ്ട് താജ് ഹോട്ടൽ ഒരു കെട്ടിടമല്ല, ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്.

ഒന്നാം ലോകമഹായുദ്ധകാലത്ത് 600 കിടക്കകളുള്ള ആശുപത്രിയായി മാറിയതും, 2008-ലെ മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച് വീണ്ടും ഉയർന്നുനിന്നതും ഈ ഹോട്ടലിന്റെ ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായങ്ങളാണ്.ഇന്ന് താജ്മഹൽ പാലസ് കാണാൻ ആളുകൾ എത്തുന്നത് അതിന്റെ ആഡംബരം കാണാൻ മാത്രമല്ല. ഒരു സ്വപ്നം എങ്ങനെ ചരിത്രമായി മാറി എന്ന് നേരിൽ കാണാനാണ്.