15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്: യുഎഇ സ്‌കൂളുകളിൽ മുന്നൊരുക്കം

 

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്ന പുതിയ നിയമം നടപ്പാക്കാൻ സ്കൂളുകൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച ഈ നിയമം നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.

അമിതമായ സ്ക്രീൻ ഉപയോഗം, തെറ്റായ കണ്ടന്റുകൾ, സൈബർ ഭീഷണികൾ, ഡാറ്റാ ദുരുപയോഗം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സുരക്ഷയും ഉത്തരവാദിത്തമുള്ള ഓൺലൈൻ പെരുമാറ്റവും ഉറപ്പാക്കാൻ സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ ശക്തമാക്കിയിട്ടുണ്ട്.

കുട്ടികളുടെ അമിത സ്ക്രീൻ സമയം പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ, സ്കൂളുകളോടൊപ്പം മാതാപിതാക്കളുടെ പങ്കാളിത്തവും നിർണായകമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വീടുകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം നിരീക്ഷിക്കാനും, കുട്ടികളുമായി സംവദിച്ച് ഡിജിറ്റൽ അതിരുകൾ നിശ്ചയിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ജെംസ് ലെഗസി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിക്കാലത്തും സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ പാലിക്കാൻ കെഎച്ച്ഡിഎ (KHDA) മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.