ട്രെയിനിൽ ഒരു സൗജന്യ യാത്രയായാലോ?അറിയാം സൗജന്യ യാത്ര നടത്തുന്ന ഇന്ത്യയിലെ ഏക ട്രെയിനിനെ കുറിച്ച്
യാത്രക്കാർക്ക് ഒരു രൂപ പോലും നൽകാതെ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു ട്രെയിനുണ്ട് നമുടെ രാജ്യത്ത്. അതാണ് ഭക്രാ-നംഗൽ ഡാം ട്രെയിൻ.പഞ്ചാബിലെ നംഗലിനും ഹിമാചൽ പ്രദേശിലെ ഭക്രയ്ക്കും ഇടയിൽ ഏകദേശം 13 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.
40 മിനിറ്റ് എടുക്കുന്ന യാത്രയിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൂടി യാത്രക്കാർക്ക് സമ്മാനിക്കുന്നുണ്ട്. ശിവാലിക കുന്നുകൾ കയറി സത്‌ലജ് നദിയിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ഈ ചെറിയ റൂട്ടിൽ മൂന്ന് തുരങ്കങ്ങളും ആറ് ചെറിയ റെയിൽവെ സ്റ്റേഷനുകളുമുണ്ട്. രാവിലെയും വൈകുന്നേരവുമാണ് സർവീസ്.
ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണകാലത്ത്, 1948-ലാണ് ഈ ട്രെയിൻ ആരംഭിച്ചത്. തൊഴിലാളികളെയും എൻജിനീയർമാരെയും നിർമാണ സാമഗ്രികളും എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ അണക്കെട്ട് പൂർത്തിയായ ശേഷവും സർവീസ് തുടരുകയും പിന്നീട് പ്രദേശവാസികളുടെ പ്രധാന ഗതാഗത മാർഗമായി ഇത് മാറുകയും ചെയ്തു.
ഇതിലെ മറ്റൊരു കൗതുകം, ഇന്ത്യൻ റെയിൽവേക്ക് ഈ സർവീസിൽ നേരിട്ട് പങ്കില്ല എന്നതാണ്. ഭക്രാ ബിയാസ് മാനേജ്മെന്റ് ബോർഡ് അഥവാ ബിബിഎംബിയാണ് ട്രെയിൻ സർവീസ് നിയന്ത്രിക്കുന്നത്.പ്രവർത്തനച്ചെലവ് ഉയർന്നതോടെ 2011-ൽ ടിക്കറ്റ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ബിബിഎംബി ആലോചിച്ചിരുന്നു.എന്നാൽ, ഈ സേവനത്തെ ഒരു വാണിജ്യ വരുമാന സ്രോതസ്സാക്കി മാറ്റേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
ട്രെയിനിലെ പഴയ തടി കോച്ചുകൾക്കും ഏറെ ചരിത്രപ്രാധാന്യമുണ്ട്.അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന സമയത്ത്,1923-ൽ കറാച്ചിയിൽ നിർമ്മിച്ചതാണ് ഈ തടി കോച്ചുകളെന്നാണ് റിപ്പോർട്ടുകൾ. ആദ്യകാലങ്ങളിൽ കൽക്കരിയിൽ പ്രവർത്തിക്കുന്ന സ്റ്റീം എഞ്ചിനാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് അത് ഡീസൽ എഞ്ചിനിലേക്ക് മാറ്റുകയായിരുന്നു.
ഇന്നും മൂന്ന് പഴയകാല തടി കോച്ചുകൾ ഈ സർവീസിന്റെ ഭാഗമാണ്.