4 പന്തിൽ 18 റൺസ്! സിക്സും ഫോറും കൊണ്ട് ആറാടി നാദിൻ ഡി ക്ലർക്ക്; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ആർസിബിക്ക് ത്രില്ലർ ജയം

 

വനിതാ പ്രീമിയർ ലീഗിന് ആവേശകരമായ തുടക്കം. ആദ്യ മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 3 വിക്കറ്റിന് വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു (RCB) വിജയം കുറിച്ചു. ദക്ഷിണാഫ്രിക്കൻ താരം നാദിൻ ഡി ക്ലർക്കിന്റെ മാസ്മരിക ഓൾറൗണ്ട് പ്രകടനമാണ് ആർസിബിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ബാറ്റിംഗിൽ 63 റൺസുമായി പുറത്താകാതെ നിന്ന താരം ബൗളിംഗിൽ നാല് വിക്കറ്റുകളും വീഴ്ത്തി കളിയിലെ താരമായി.

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ആർസിബിക്ക് ജയിക്കാൻ 18 റൺസായിരുന്നു വേണ്ടിയിരുന്നത്. നാറ്റ് സീവർ എറിഞ്ഞ 20-ാം ഓവറിലെ ആദ്യ രണ്ട് പന്തിൽ റണ്ണൊന്നും നേടാനായില്ല. ഇതോടെ 4 പന്തിൽ 18 റൺസെന്ന കടുപ്പമേറിയ ലക്ഷ്യത്തിലേക്ക് ടീം എത്തി. എന്നാൽ അടുത്ത നാല് പന്തുകളിൽ 6, 4, 6, 4 എന്നിങ്ങനെ അതിർത്തിയെത്തിച്ച് നാദിൻ ആർസിബിയെ വിജയതീരത്തെത്തിച്ചു. താരം 44 പന്തിൽ 63 റൺസാണ് നേടിയത്. ഗ്രേസ് ഹാരിസ് (25), അരുന്ധതി റെഡ്ഡി (20) എന്നിവരും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. മലയാളി താരം സജന സജീവനാണ് മുംബൈയുടെ ടോപ് സ്കോറർ. 25 പന്തിൽ 45 റൺസ് സജന നേടി. നിക്കോള കാരി (40), ഗുണാലൻ കമാലിനി (32) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. എന്നാൽ നാദിൻ ഡി ക്ലർക്കിന്റെ ബാറ്റിങ് കരുത്തിന് മുന്നിൽ മുംബൈ ബൗളർമാർക്ക് ജയം തടയാനായില്ല.