2026 ഫിഫ ലോകകപ്പ്; സൗദി ടീമിെൻറ മത്സര തീയതികളും വേദികളും പ്രഖ്യാപിച്ചു
2026ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ സ്പെയിൻ, ഉറുഗ്വായ്, കേപ് വെർഡെ എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിൽ ഉൾപ്പെടുന്ന സൗദി അറേബ്യയുടെ ദേശീയ ടീമിെൻറ മത്സരവേദികളും തീയതികളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജൂൺ 15ന് ഫ്ലോറിഡയിലെ മിയാമിയിലുള്ള ഹാർഡ് റോക് സ്റ്റേഡിയത്തിൽ സൗദി അറേബ്യ ഉറുഗ്വായിയെ നേരിടും.
ജൂൺ 21ന് ജോർജിയയിലെ അത്ലാൻറയിലുള്ള മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ സൗദി അറേബ്യ സ്പെയിനുമായി ഏറ്റുമുട്ടും. ഒടുവിൽ, ജൂൺ 26ന് ടെക്സസിലെ ഹൂസ്റ്റണിലുള്ള എൻ.ആർ.ജി സ്റ്റേഡിയത്തിൽ സൗദി അറേബ്യയും കേപ് വെർഡെയും തമ്മിലുള്ള മത്സരം നടക്കും. ശനിയാഴ്ചയാണ് 2026 ലോകകപ്പിെൻറ സംഘാടക സമിതി കാനഡ, യു.എസ്, മെക്സികോ എന്നിവിടങ്ങളിലെ മത്സര വേദികളും തീയതികളും പ്രഖ്യാപിച്ചത്.
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെൻറിെൻറ ആറ് മുൻ പതിപ്പുകളിൽ സൗദി ദേശീയ ടീം പങ്കെടുത്തിട്ടുണ്ട്. സൗദി ദേശീയ ടീമിന് ലോകകപ്പിൽ ശ്രദ്ധേയമായ ഒരു റെക്കോഡുണ്ട്. പ്രത്യേകിച്ച് 1994-ൽ ടീം രണ്ടാം റൗണ്ടിലെത്തി. 2022ൽ അർജൻറീനക്കെതിരെ ചരിത്ര വിജയം നേടി. ഫുട്ബാൾ ആരാധകരുടെ ഓർമകളിൽ ഇപ്പോഴും മായാതെ കിടക്കുന്ന നേട്ടമാണിത്.