രണ്ടാം ട്വന്റി20: ഇന്ത്യയ്ക്ക് 181 റൺസ് വിജയലക്ഷ്യം
ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 181 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.
ന്യൂസീലൻഡിനായി ഗ്ലെൻ ഫിലിപ്സ് 70 റൺസും ബെവൺ ജേക്കബ്സ് 58 റൺസും നേടി. ഒരുഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ പതറിയ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 116 റൺസാണ് മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും നേടി.
വൈഭവ് സൂര്യവംശി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയാകും ഇന്ത്യയുടെ ഓപ്പണർമാർ. വൈഭവ് മൂന്നാമനായി ബാറ്റിങ്ങിനിറങ്ങും. വൈഭവിന് അവസരം ലഭിച്ചതോടെ മായങ്ക് യാദവ് ഇലവനിൽനിന്ന് പുറത്തായി.
ആദ്യ ട്വന്റി20യിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. അന്ന് 67 റൺസെടുത്ത സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. അഭിഷേക് ശർമ 29 റൺസെടുത്തു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തു. 15 പന്തിൽ 42 റൺസെടുത്ത നമൻ ധീറിന്റെ വെടിക്കെട്ട് പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.