അഞ്ച് മത്സരങ്ങളിൽ നിന്ന് 361 റൺസ്; അണ്ടർ-19 ഏഷ്യാ കപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി സെവാഗിന്റെ മകൻ ആര്യവീർ
ക്രിക്കറ്റ് മൈതാനത്ത് അച്ഛന്റെ അതേ പാത പിന്തുടർന്ന് വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് തകർപ്പൻ പ്രകടനവുമായി തിളങ്ങി. അണ്ടർ-19 ഏഷ്യാ കപ്പിൽ ഉടനീളം സ്ഥിരതയാർന്ന ബാറ്റിങ് പുറത്തെടുത്ത ആര്യവീർ ടൂർണമെന്റിന്റെ താരമായി (പ്ലെയർ ഓഫ് ദ ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 90.25 എന്ന മികച്ച ബാറ്റിങ് ശരാശരിയിൽ 361 റൺസ് അടിച്ചെടുത്താണ് ഈ യുവതാരം നേട്ടം സ്വന്തമാക്കിയത്.
ടൂർണമെന്റിൽ ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറികളും ആര്യവീറിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇതിൽ പാകിസ്താനെതിരായ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 61 പന്തിൽ നേടിയ 58 റൺസും ഉൾപ്പെടുന്നു.
മാൻ ഓഫ് ദ സീരീസ് പുരസ്കാരം സ്വീകരിച്ച ശേഷം അച്ഛൻ വീരേന്ദർ സെവാഗിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, ഫൈനൽ വിജയത്തിന് ശേഷം ഇതുവരെ അച്ഛനെ വിളിച്ചിട്ടില്ലെന്നും ഇനി വിളിച്ച് സംസാരിക്കണമെന്നുമായിരുന്നു ആര്യവീറിന്റെ മറുപടി. ഫൈനലിൽ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും മോഹിതും മനാലും പുറത്തെടുത്ത മികച്ച ബാറ്റിങ് പ്രകടനം ടീമിന്റെ കിരീടനേട്ടത്തിൽ ഏറെ നിർണായകമായെന്നും ആര്യവീർ കൂട്ടിച്ചേർത്തു.