തുടർച്ചയായ നാലാം സീസണിലും 600 റൺസ്; ഐ.പി.എല്ലിൽ ചരിത്ര റെക്കോഡ് കുറിച്ച് വിരാട് കോലി

 

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL 2026) മറ്റൊരു അപൂർവ്വ ചരിത്ര നേട്ടം കൂടി സ്വന്തം പേരിൽ കുറിച്ച് റൺമെഷീൻ വിരാട് കോലി. ഐ.പി.എൽ ചരിത്രത്തിൽ തുടർച്ചയായി നാല് സീസണുകളിൽ 600 റൺസിലധികം നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഒന്നാം ക്വാളിഫയർ മത്സരത്തിലാണ് ആർ.സി.ബി താരം ഈ മാന്ത്രിക സംഖ്യ തൊട്ടത്. മത്സരത്തിൽ 43 റൺസെടുത്താണ് കോലി പുറത്തായത്.

ഗുജറാത്തിനെതിരായ മത്സരത്തിന് ഇറങ്ങും മുൻപ് ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 557 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. 600 റൺസ് ക്ലബിലെത്താൻ 43 റൺസ് മാത്രം വേണ്ടിയിരുന്ന താരം കൃത്യം 43 റൺസ് നേടി തന്നെ റെക്കോഡ് ബുക്കിൽ ഇടംപിടിക്കുകയായിരുന്നു. ഇതോടെ 2023, 2024, 2025, 2026 സീസണുകളിൽ തുടർച്ചയായി താരം 600 റൺസിന് മുകളിൽ സ്കോർ ചെയ്തു.

നേരത്തെ ക്രിസ് ഗെയ്ൽ (2011, 2012, 2013), ഡേവിഡ് വാർണർ (2016, 2017, 2019), കെ.എൽ. രാഹുൽ (2020, 2021, 2022) എന്നിവർ തുടർച്ചയായി മൂന്ന് സീസണുകളിൽ 600 പ്ലസ് റൺസ് നേടി കോലിക്കൊപ്പം റെക്കോഡ് പങ്കുവെച്ചിരുന്നു. എന്നാൽ ഈ സീസണിലെ നേട്ടത്തോടെ ഇവരെല്ലാവരെയും മറികടന്ന് കോലി പട്ടികയിൽ തനിച്ചായി. ഐ.പി.എൽ കരിയറിലാകെ ആകെ ആറ് സീസണുകളിലാണ് കോലി 600-ലധികം റൺസ് അടിച്ചുകൂട്ടിയിട്ടുള്ളത്.