ഏഷ്യൻ ഗെയിംസ് സ്‌ക്വാഷിൽ അഭയ് സിങ്ങിന് വെള്ളി

 

ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ സ്‌ക്വാഷ് സിംഗിൾസിൽ ഇന്ത്യയുടെ അഭയ് സിങ് വെള്ളി മെഡൽ നേടി. ഫൈനലിൽ മലേഷ്യൻ താരം എൻജി എയ്ൻ യോയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് അഭയ് വെള്ളിയിൽ ഒതുങ്ങിയത്. സ്കോർ: 9-11, 5-11, 5-11.

ഇതോടെ ഇന്ത്യയുടെ ആകെയുള്ള മെഡൽ നേട്ടം 31 ആയി ഉയർന്നു. നാല് സ്വർണവും 13 വെള്ളിയും 14 വെങ്കലവുമാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ മിക്സഡ് ഡബിൾസിൽ ജോഷ്ന ചിന്നപ്പ - വേലവൻ സെന്തിൽകുമാർ സഖ്യം വെങ്കലം നേടിയിരുന്നു.

സെമിയിൽ പാകിസ്താന്റെ മുഹമ്മദ് ഇർഫാനെ ഏകപക്ഷീയമായ ഗെയിമുകൾക്ക് തകർത്തുവിട്ടായിരുന്നു (11-3, 12-10, 11-6) അഭയ് ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ ഫൈനലിൽ ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും തുടർന്ന് ആധിപത്യം സ്ഥാപിച്ച മലേഷ്യൻ താരത്തെ കീഴ്പ്പെടുത്താൻ അഭയ് സിങ്ങിന് സാധിച്ചില്ല.