സൗദിയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ്; റിയാദിലെ അന്തിമ നറുക്കെടുപ്പ് മാറ്റിവച്ചു

 

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027-ലെ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ (AFC Asian Cup) അന്തിമ നറുക്കെടുപ്പ് ചടങ്ങ് മാറ്റിവച്ചു. ഏപ്രിൽ 11-ന് റിയാദിലെ ചരിത്രപ്രസിദ്ധമായ ദിരിയയിൽ നടക്കാനിരുന്ന ചടങ്ങാണ് മാറ്റിയതെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (AFC) അറിയിച്ചു. ബന്ധപ്പെട്ട എല്ലാ പ്രതിനിധികൾക്കും തടസ്സങ്ങളില്ലാതെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

നറുക്കെടുപ്പ് നടത്തുന്ന പുതിയ തീയതിയും മറ്റ് വിവരങ്ങളും യഥാസമയം പ്രഖ്യാപിക്കുമെന്ന് എഎഫ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് ആദ്യമായാണ് സൗദി അറേബ്യ വേദിയാകുന്നത്. 2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെയാണ് ടൂർണമെന്റ് നടക്കുക. ആകെ 24 ദേശീയ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ അത്യാധുനിക സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. സൗദി ഫുട്‌ബോളിന്റെ വളർച്ചയിൽ നിർണ്ണായകമായ ഈ ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ രാജ്യത്ത് സജീവമായി പുരോഗമിക്കുകയാണ്.