ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞാൽ ഇന്ത്യ സിബാബ്‌വെയിലേക്ക്, മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ
ജൂലൈയില്‍ നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സിംബാബ്‌വെ പര്യടനത്തിന്‍റെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. സിംബാബ്‌വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
ഒന്നാം ടി20 ജൂലൈ 23നും രണ്ടാം മത്സരം ജൂലൈ 25നും മൂന്നാം ടി20 ജൂലൈ 26നും നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 4:30നാണ് മത്സരങ്ങള്‍ തുടങ്ങുക. ജൂലൈ 19-ന് അവസാനിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. സീനിയർ താരങ്ങളായ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് സിംബാബ്‌വെ പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. വൈഭവ് സൂര്യവംശി അടക്കം പകരം ഐപിഎല്ലിൽ തിളങ്ങുന്ന യുവതാരങ്ങളെ സിംബാബ്‌വെ പര്യടനത്തില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് സൂപ്പർ-8 ഘട്ടത്തിൽ എത്തിയ സിംബാബ്‌വെ, വലിയ ടീമുകളെ വെല്ലുവിളിക്കാൻ പ്രാപ്തരാണെന്ന് തെളിയിച്ചിട്ടുണ്ട്. 2027 ജനുവരിയിൽ സിംബാബ്‌വെ ടീം ഇന്ത്യയിൽ പര്യടനം നടത്തും. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ ഈ പരമ്പരയുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്: ജനുവരി 3: ഒന്നാം ഏകദിനം (കൊൽക്കത്ത), ജനുവരി 6: രണ്ടാം ഏകദിനം (ഹൈദരാബാദ്), ജനുവരി 9: മൂന്നാം ഏകദിനം (മുംബൈ) എന്നിങ്ങനെയാണ് മത്സരക്രമം. 2024-ൽ നടന്ന ടി20 പരമ്പരയിൽ ഇന്ത്യ 4-1 ന് സിംബാബ്‌വെയെ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ യുവനിരയ്ക്ക് തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഈ പര്യടനം വലിയൊരു അവസരമായിരിക്കും.